Monday, September 13, 2010

Review on Elsamma Enna Aankutty

ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റുന്ന നായിക, ഗ്രാമവാസികളായ അവളെയും മൂന്നു അനിയത്തിമാരെയും വശീകരിക്കാന്‍ ശ്രമിക്കുന്ന നഗരത്തില്‍ നിന്നെത്തിയ നാലു ചെറുപ്പക്കാര്‍,നാട്ടിലെ ഒരു ചെറുപ്പക്കാരനു അവളോടുള്ള പ്രണയം ഇത്തരം ഒരു സാഹചര്യം വരച്ചു കാട്ടുന്ന ഒരു ചിത്രത്തില്‍, കുറഞ്ഞത് ഒരു ബലാത്സംഗം, പൈങ്കിളി പ്രണയ രംഗങ്ങള്‍, മേമ്പോടിക്ക് ആത്മഹത്യ ,കണ്ണീര്‍ പ്രളയം
നെഞ്ഞത്തടിച്ചു കരച്ചില്‍, ഭീകര ഹാസ്യം തുടങ്ങിയ സ്ഥിരം മലയാള സിനിമാ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാതെ തന്നെ അതിനെ എങ്ങനെ മികച്ചതാക്കാം എന്നു ലാല്‍ ജോസിന്റെ 'എല്‍സമ്മ എന്ന ആണ്‍ കുട്ടി' തെളിയിക്കുന്നു.

പിതാവിന്റെ മരണത്തെത്തുടര്‍ന്ന്‍ വീടിന്റെ ഉത്തരവാദിത്വം ചുമലിലേറ്റേണ്ടി വരുന്ന എല്‍സമ്മ എന്ന പെണ്‍കുട്ടിയുടേയും (ആന്‍ അഗസ്റ്റിന്‍) അവളുടെ നാട്ടുകാരുടെയും കഥയാണിത്. രാവിലെ നാലുമണിക്ക് എല്‍സമ്മ അലാറം വെച്ചുണരുന്നതില്‍ നിന്ന്‍ പടം തുടങ്ങുന്നു. തന്റെ മൂന്നു അനിയത്തിമാരെയും അമ്മച്ചിയേയും (കെ.പി.എ.സി ലളിത) പോറ്റാനായി പത്രം ഏജന്‍സിയും മറ്റു പണികളുമായി അവള്‍ എന്നും
തിരക്കിലാണ്, പിതൃ തുല്യനായ പാപ്പനും (നെടുമുടി വേണു), കൂട്ടുകാരനായ ഉണ്ണിക്കൃഷ്ണനെന്ന പാലുണ്ണി (കുഞ്ചാക്കോ ബോബന്‍) യുമൊക്കെ അവള്‍ക്ക് പ്രിയപ്പെട്ടവര്‍. ഷാപ്പ് അബ്കാരിയായ സുഗുണനോടും(വിജയ രാഘവന്‍), വഷളനായ പഞ്ചായത്തു മെമ്പര്‍ രമണനു (ജഗതി ശ്രീകുമാര്‍ ) മായിട്ടൊക്കെ ഇടക്കിടെ അവള്‍ക്ക് കൊമ്പു കോര്‍ക്കേണ്ടി വരുന്നുണ്ട്, ഇതിനിടയില്‍ പാലുണ്ണിക്ക് തന്നോടുള്ള നിശബ്ദ പ്രണയം
അവള്‍ തിരിച്ചറിയുന്നു. പാപ്പന്റെ മകന്റെ മകനായ എബിയും ( ഇന്ദ്രജിത്ത്) സഹോദരിയും പാപ്പന്റെ വീട്ടിലെത്തുന്നു, കൂടെ എബിയുടെ മൂന്ന്‍ സുഹൃത്തുക്കളും, ഇതെല്ലാം എല്‍സമ്മയ്ക്ക് തലവേദനകളായി മാറുന്നു,എന്നാല്‍ അവള്‍ ധീരമായിത്തന്നെ വെല്ലുവിളികള്‍ നേരിടുന്നു.
എല്‍സമ്മ എന്ന കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിച്ച ആന്‍, പിതാവ് അഗസ്റ്റിന് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്, സ്ഥിരം ചോക്കളേറ്റ് കോളേജ് കുമാരന്‍ ഇമേജില്‍ നിന്നും മാറി, ക്ഷീരകര്‍ഷകനായ നാട്ടിന്‍ പുറത്തുകാരനായി കുഞ്ചാക്കോബോബന്‍ നന്നായഭിനയിച്ചിരിക്കുന്നു. കുഞ്ചാക്കോബോബന്‍ നന്നായഭിനയിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ മണവാളന്‍ തോമസ് എന്ന കല്യാണ ബ്രോക്കര്‍
അമിത ഹാസ്യത്തിലേക്ക് വീഴാതെ നന്നായി ചിരിപ്പിക്കുന്നുണ്ട്, ഹാസ്യതാരങ്ങളുടെ പേക്കൂത്തുകള്‍ കൂടാതെയും നര്‍മ്മം ഉരുത്തിരിയുമെന്ന്‍ 'എല്‍സമ്മ' തെളിയിക്കുന്നു, പിന്നെ എടുത്തു പറയേണ്ടുന്നത് ഇന്ദ്രജിത്തിന്റെ പ്രകടനമാണ് നഗരത്തിന്റെ പൊങ്ങച്ചവും, പഞ്ചാരയുമുള്ള എബി എന്ന കഥാ പാത്രം മികച്ചതാക്കാന്‍ ഇന്ദ്രനു കഴിഞ്ഞു (ഇന്ദ്രജിത്ത് ഇപ്പോള്‍ കൂ​‍ടുതല്‍ ചെറുപ്പമായി
വരുന്നുണ്ട്), ബലന്‍ പിള്ളയെ അവതരിപ്പിച്ച ജനാര്‍ദ്ദനന്‍,മുതല്‍ വില്ലേജാഫീസില്‍ ഇടക്കിടക്ക് ജഗതിയ്ക്കിട്ട് ഗോളടിക്കുന്ന അഭിനേതാവു വരെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും.

അതിശക്തമായെ തിരക്കഥയൊന്നുമല്ലെങ്കിലും കോട്ടയത്തോ, ഇടുക്കിയിലോ ഉള്ള ഒരു ഉള്‍നാടന്‍ ഗ്രാമാന്തരീക്ഷത്തില്‍ നടക്കുന്ന കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, ഗാനങ്ങള്‍ എല്ലാം തന്നെ ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്, പ്രകൃതിയുടെ ദൃശ്യഭംഗി ക്യാമറാമാന്‍ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. മൊത്തത്തില്‍ ഒരു നല്ല കുടുംബ ചിത്രമാണ് ലാല്‍ ജോസ് ഇത്തവണ
സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിലും സ്ത്രീപക്ഷ സിനിമകള്‍ ജനപ്രിയമാകുന്നതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് (ഒരു പക്ഷേ ഏറ്റവും മികച്ചതും) എല്‍സമ്മ എന്ന ആണ്‍കുട്ടി, മുണ്ടു പൊക്കി വില്ലന്മാരെ അടിച്ചു വീഴിക്കുന്നതിലും, മീശപിരിക്കലിലും, പീഡനങ്ങളിലും മറ്റും ആനന്ദം കണ്ടിരുന്ന മലയാളി മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് ആശാദായകം തന്നെ.

No comments:

Post a Comment