Tuesday, September 14, 2010

'എല്‍സമ്മയും മേഘങ്ങളും' - എം.സിന്ധുരാജ്

'മുകളില്‍ മിന്നുന്ന താരമെ ചൊല്ക നീ
അകലെയെങ്ങാനം പ്രഭാതമുണ്ടോ?'
By M Sindu Raj 
ജി.ശങ്കരക്കുറിപ്പിന്റെ വരികളാണ്, 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യുടെ ചിത്രീകരണവുമായി തൊടുപുഴയില്‍ താമസിക്കുമ്പോള്‍, ഓര്‍മ്മവന്നതാണ് ഈ വരികള്‍. ഒപ്പം രണ്ടാമത്തെ വരി മനസ്സുകൊണ്ട് മാറ്റുകയും ചെയ്തു. 'അകലെയെങ്ങാനും, മഴയുണ്ടോ?' എന്നതായിരുന്നു ആ മാറ്റം. കാരണം കര്‍ക്കിടകം, നിറകുടവും തലയിലേന്തി ഞങ്ങള്‍ക്കിടയിലൂടെ കറങ്ങിനടക്കുകയായിരിന്നു.

ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എല്ലാവരുടെയും കണ്ണുകള്‍ എപ്പോഴും മേഘങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചിലപ്പോള്‍കലിതുള്ളി വരുന്ന മേഘങ്ങളെ കണ്ടുപേടിച്ചും,ചിലപ്പോള്‍ഓടിമാറിത്തരുന്ന മേഘങ്ങളെ കണ്ടു സന്തോഷിച്ചും,ചിലപ്പോള്‍മഴയില്‍ നനഞ്ഞു കുതിര്‍ന്നുമായിരുന്നു ഷൂട്ടിങ്ങ്ദിനങ്ങള്‍. എങ്കിലും,അകലെ സുപ്രഭാതങ്ങള്‍ കാത്തിരിപ്പുണ്ട് എന്നു തോന്നിപ്പിക്കുവാന്‍,ആകാശത്തിന്റെ കറുത്ത പുതപ്പു വലിച്ചു കീറി ,സൂര്യന്‍ കണ്ണുതുറന്നു വന്ന് പലപ്പോഴും ഞങ്ങളെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു. ഒപ്പം പെയ്‌തൊഴിഞ്ഞ ആകാശത്തിനു താഴെ,കോടമഞ്ഞ് കാഴ്ചയുടെ ലഹരി പകരും പോലെ, സഞ്ചാരം തുടങ്ങുന്നതും ഒക്കെ എല്‍സമ്മയുടെ ഷൂട്ടിങ്ങ് ഓര്‍മ്മകളാണ്.

പ്രഭാതസൂര്യന്റെ കാല്‍ച്ചുവടുകള്‍ക്കൊപ്പം പത്രവിതരണത്തിനു പുറപ്പെടുന്ന എല്‍സമ്മയെ ചിത്രീകരിക്കാന്‍, വെളുപ്പാംകാലം മുതല്‍ കോടമഞ്ഞും പുതച്ച് എല്ലാവരും കാത്തുനില്ക്കുമ്പോഴായിരിക്കും,മഴയുടെ വരവ്. കാഴ്ചയുടെ ഫ്രെയിമുകളെ നനച്ച് മഴ, തിമര്‍ത്തു പെയ്യ്ുമ്പോള്‍ ചാര്‍ളിചാപ്ലിനെ ഓര്‍മ്മ വന്നു.മഴയില്‍ ആരും കാണാതെ കരയാം എന്ന അദ്ദേഹത്തിന്റെവചനം പോലെ, സംവിധായകന്‍ ലാല്‍ ജോസിന്റെയും മറ്റു ടെക്‌നീഷ്യന്‍സിന്റെയും,സങ്കടങ്ങള്‍ പലപ്പോഴും മഴയില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.

മഴ ചിലപ്പോള്‍ഒരു കൊച്ചു കുട്ടിയുടെ കുസൃതിപോലെ,ചന്നംപിന്നം തല്ലിക്കളിക്കുമ്പോള്‍ ഒരിക്കല്‍ മണിയന്‍ പിള്ള രാജു പറഞ്ഞു, ഇത് മഴയല്ല, ഷൂട്ടിങ്ങിനു വേണ്ടി ഇലകള്‍, കഴുകി വൃത്തിയാക്കാന്‍ വരുന്നതാണ്,അന്ന് അത് ശരിയായിരുന്നു.ക്യാമറകണ്ണുകളില്‍ പച്ചിലച്ചാര്‍ത്തുകള്‍ മഴത്തുള്ളികളുടെ വെള്ളിവട്ടങ്ങള്‍ കൊണ്ട് ദൃശ്യങ്ങളെ മോടിപിടിപ്പിച്ചപ്പോള്‍ ആ മഴയ്ക്കു ഞങ്ങള്‍ നന്ദി പറഞ്ഞു.
എന്നാല്‍ മഴയുടെ തുള്ളിച്ചാട്ടം കണ്ട്, മഴയത്ത് ഒരു ഷോട്ട് എടുക്കാം എന്നു പറഞ്ഞ്, എടുത്ത് പാതിയെത്തിയപ്പോള്‍ മഴ ഞങ്ങളെ ഉപേക്ഷിച്ചു പോയി.അതു കൊണ്ട് ഒരിക്കല്‍ മഴയോടു വെല്ലുവിളിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ടെയില്‍ എന്‍ഡ് ഷൂട്ട്‌ചെയ്യുന്ന ദിവസം, സൂരാജ് വെഞ്ഞാറമൂടിനെ രാവിലെ 11 മണിക്കു വിടണം, മഴ പെയ്താല്‍ പ്ലാനിംഗ് എല്ലാം പൊളിയും, മഴയെത്താണെങ്കിലും ഷൂട്ട് ചെയ്‌തേ പറ്റു. അങ്ങനെചെയ്താല്‍ ഇടയ്ക്കു മഴ നിന്നാല്‍ എന്തുചെയ്യും. ആ ചോദ്യത്തിനു ഉത്തരവുമായാണ് പ്രോഡ്യൂസര്‍ രഞ്ജിത്ത് വെള്ളവുമായി ടാങ്കര്‍ ലോറിയെ കാത്തുകിടത്തിച്ചത്.അന്നു മഴപെയ്തില്ല. പാലുണ്ണിക്കും എല്‍സമ്മയ്ക്കും അനുഗ്രഹം ചൊരിയുംപോല്‍ പൂമഴ പോലെ ഒരു ചാറ്റല്‍കടന്നുപോയി.
 
ഈ മഴയത്തും തൊടുപുഴയെന്ന സ്ഥലത്തിന്റെ ഭംഗി ഞങ്ങളെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു. കാഴ്ചകളുടെ കനകവര്‍ണ്ണങ്ങള്‍ ഇനിയും ഒരുപാട് തൊടുപുഴയില്‍ ബാക്കിയുണ്ട്,മലയാള സിനിമയിയ്ക്കു ഇനിയും പകര്‍ത്താന്‍ ഒരുപാടുകാഴ്ചകള്‍. തൊടുപുഴയില്‍ നിന്നും 40 കിലോമീറ്റര്‍അകലെ മുണ്ടന്‍മുടിയെന്ന സ്ഥലത്താണ് കഥാപശ്ചാത്തലമായ ബാലന്‍പിള്ളസിററിയെ കലാസംവിധായകന്‍ ഗോകുല്‍ദാസ് ഒരുക്കിയത്.പ്രകൃതി ഞങ്ങള്‍ക്കായി നേരത്തെ ഒരുക്കിയിട്ട പോലെ അതിമനോഹരമായ ലൊക്കേഷനായിരുന്നു അവിടം.മറ്റൊരു സ്ഥലം ശാസ്താംപാറയാണ്.അതിവിശാലമായ പാറയാണ്. ഞങ്ങള്‍ക്കു കാവലായി ഒരു കുരിശും, സെന്റ് തോമസ്സിന്റെ ഒരു പ്രതിമയും, നാലുചുറ്റും കണ്ണെത്താദൂരത്തോളം മലയുടെ അടുക്കുകള്‍,ക്യാമറക്കണ്ണുകളെ മോഹിപ്പിക്കുന്ന ദ്യശ്യവിരുന്നായി ശാസ്താംപാറയ്ക്കു ചുറ്റും നിറഞ്ഞുനിന്നു.അതിനൊപ്പമാണ് ഇന്ദ്രജിത്തും മണിക്കുട്ടനും ആന്‍ അഗസ്റ്റ്യനും ഒക്കെ നൃത്തം ചവിട്ടിയത്.ഒരു പ്രണയഗാനത്തിന്റെ വരികള്‍ മൂളി കുഞ്ചാക്കോ ബോബനും ആ പാറയിലെത്തി.

മഴയോട് എനിക്ക് ഇനി ഒരു അപേക്ഷയെ ഉള്ളു - എല്‍സമ്മയും, പാലുണ്ണിയും, എബിയും തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്.  അവരേ അനുഗ്രഹിക്കണേ..........
 

No comments:

Post a Comment